02:01pm 12 November 2026
NEWS
മുൻ മന്ത്രി ആന്റണി രാജുവിന് തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്നു വർഷം തടവുശിക്ഷ
03/01/2026  05:48 PM IST
nila
മുൻ മന്ത്രി ആന്റണി രാജുവിന് തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്നു വർഷം തടവുശിക്ഷ

നെടുമങ്ങാട്: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ . നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കോടതി ജീവനക്കാരനായ ജോസിനും ഇതേ കേസിൽ മൂന്നു വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവർക്കും ഗൂഢാലോചന കുറ്റത്തിനായി ആറുമാസത്തെ അധിക ശിക്ഷയും കോടതി വിധിച്ചു. 1990 ഏപ്രിൽ 4ന്  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. 

രണ്ടു വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമാകും. എന്നാൽ, അപ്പീൽ നൽകുന്നതിനായി കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കേസിലെ ശിക്ഷയെ തുടർന്ന് ആന്റണി രാജു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനാകും. ശിക്ഷ പൂർത്തിയാക്കി ജയിലിൽ നിന്ന് മോചിതനാകുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത നിലനിൽക്കുക. എന്നാൽ, കോടതിയിൽ അപ്പീൽ നൽകി ശിക്ഷയ്ക്കും വിധിക്കും സ്റ്റേ ലഭിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവും.1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരമാണ് അയോഗ്യത ബാധകമാകുന്നതെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി.

കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു. 1990 ഏപ്രിൽ 4ന്  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന കേസിലാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

സാൽവദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാൻ തൊണ്ടിയിലെ അളവു വ്യത്യാസം നിർണായകമായി. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതൽ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് 1994ൽ കേസെടുത്തു. 

കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്. തുടർന്ന് കേസന്വേഷിച്ച പൊലീസ് കോടതി ജീവനക്കാരനായ കെ.എസ്.ജോസിനെ ഒന്നാം പ്രതിയാക്കിയും ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമർപ്പിച്ചു.

നെടുമങ്ങാട് കോടതിയിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തുമ്പോൾ വഞ്ചനാക്കുറ്റം കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, ഈ വകുപ്പു കൂടി ഉൾപ്പെടുത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും വിചാരണ പൂർത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേസിൽ 29 സാക്ഷികൾ ഉണ്ടെങ്കിലും 19 പേരെ മാത്രമാണു വിസ്തരിച്ചത്. കുറ്റപത്രം സമർപ്പിച്ചത് 13 വർഷം കഴിഞ്ഞാണ്. മുപ്പതിലധികം തവണ കേസ് മാറ്റി വച്ചു. ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് നടപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img